കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

സി.പി.ഐ. ജനറൽ സെക്രട്ടറി

വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പുകളാണ് കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്.

ന്യൂനപക്ഷവിഭാഗങ്ങളും എഴുത്തുകാരും വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം വേട്ടയാടപ്പെടുന്നു. ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നു. എന്ത് അടുക്കളയില്‍ പാചകം ചെയ്യണമെന്നും എന്ത് ഭക്ഷിക്കണമെന്നും എന്ത് പറയണമെന്നും എഴുതണമെന്നും ഏതെക്കെ ചലച്ചിത്രം കാണണമെന്നും സംഘപരിവാര്‍ നിശ്ചയിക്കുന്ന തികച്ചും ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

ഗോരക്ഷയുടെ പേരില്‍ ന്യൂനപക്ഷ മതത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെടുന്നു. എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. ദേശീയതയുടെ പേരില്‍ എല്ലായിടത്തും തങ്ങളുടെ ആശയങ്ങള്‍ തിരുകിക്കയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സര്‍വകലാശാലകള്‍ ആക്രമിക്കപ്പെടുന്നു. ജനങ്ങളെ ദേശവിരുദ്ധരെന്നും ദേശസ്‌നേഹികളെന്നും സംഘപരിവാര്‍ വേര്‍തിരിക്കുകയാണ്. ഇത് അനുവദിക്കാന്‍ പാടില്ല. ഇവയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയരണം.

സമീപകാലത്ത് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെയും മറ്റ് ഏതാനും വിദ്യാര്‍ഥികളെയും രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വേഗത്തില്‍ തന്നെ വിദ്യാര്‍ഥികളെ രാജ്യവിരുദ്ധരെന്ന് മുദ്രകുത്താനാണ് കേന്ദ്രസര്‍ക്കാരും പൊലീസും ശ്രമിച്ചത്. വീഡിയോദൃശ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് തെളിഞ്ഞു. എന്നാല്‍ സംഘപരിവാര്‍ പ്രചരണം തുടര്‍ന്നു. അവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും കോടതിയില്‍പോലും ആക്രമിച്ചു. നമ്മുടെ കുട്ടികളെ അപമാനിക്കാനും ആക്രമിക്കാനും സംഘപരിവാറിന് ആര് അധികാരം നല്‍കിയെന്ന് ജനങ്ങള്‍ ചിന്തിക്കണം.

കേരളത്തില്‍ ഇടതുപക്ഷം വിജയിക്കേണ്ടത് ജനാധിപത്യസംരക്ഷണത്തില്‍ അനിവാര്യമാണ്. ദേശീയരാഷ്ട്രീയത്തില്‍ കേരളത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യുഡിഎഫ് ഭരണം അഴിമതികള്‍ നടമാടിയ ഭരണകാലമാണ്. നിരവധി അഴിമതി വിവാദങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നത്.

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് ലഭിച്ച വമ്പിച്ച വിജയം ഇതാണ് സൂചിപ്പിക്കുന്നത്. ബംഗാളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള വിധിയെഴുത്തായും തെരഞ്ഞെടുപ്പ് മാറും.

നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് എതിരെയുള്ള വിധിയെഴുത്ത് കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറണം. തൊഴില്‍ നിയമ ഭേദഗതിയും ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെ ചെറുത്തുതോല്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതികരണമാണ് ഉണ്ടാകേണ്ടത്.

തൊഴിലാളികളുടെയും അടിസ്ഥാനവര്‍ഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1957 ല്‍ ആദ്യമായി കമ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിച്ച കേരളം നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിലും വീണ്ടും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം നിലയുറപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.