കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

സി.പി.ഐ. സ്റ്റേറ്റ് സെക്രട്ടറി

2016 മെയ് 16 ാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി നിങ്ങളുടെ വാക്കും പ്രവൃത്തിയും ഉണ്ടാകണമെന്ന അപേക്ഷ വിനയപൂര്‍വം നിങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കട്ടെ.

ദേശീയരാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കേരളത്തിലെ വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പ് സഹായിക്കും. നരേന്ദ്രമോഡിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ 19 മാസക്കാലമായി ഈ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ഏത് മതേതര വിശ്വാസിയെയും ആകുലപ്പെടുത്തുന്നതാണ്, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനും വേണ്ടി കൂട്ടായ പ്രവര്‍ത്തനം ആവശ്യമുള്ള സന്ദര്‍ഭമാണിത്. ഇത്തരുണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇടതുപക്ഷം മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിരവധിയായ പോരാട്ടങ്ങള്‍ നടത്തിവരുകയാണ്. അതുകൊണ്ട് നിശ്ചയമായും കേരളത്തിന്റെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ചിന്തിക്കാനും ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്താനും എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനദ്രോഹനയങ്ങളും നടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാരാണ്. കേരളത്തില്‍ ഇടതുപക്ഷം വളര്‍ത്തിക്കൊണ്ടുവന്ന കേരള മോഡല്‍ വികസനം എന്ന സങ്കല്പത്തെതന്നെ യുഡിഎഫ് ഇല്ലാതാക്കി.

നമ്മുടെ രാജ്യത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്ക്, അതിന്റെ പ്രാധാന്യം എടുത്തുകാണുന്നവരാണ് ഇടതുപക്ഷം. ജനങ്ങളുടെ ഭൗതികജീവിതത്തിലുള്ള മാറ്റങ്ങളാണ് വികസനം എന്ന് ഞങ്ങള്‍ കാണുമ്പോള്‍ മുതലാളിത്ത സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനസൗകര്യ വികസനവും അംബരചുംബികളായ കെട്ടിടങ്ങളുമെല്ലാമാണ് വികസനമെന്ന സങ്കല്പത്തിലേക്ക് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുപോയി.

ഇതിന്റെ ഫലമായി പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ, ജീവിതദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ, സംഖ്യ വര്‍ധിച്ചു. സമ്പത്ത് ഒരു ചെറിയ വിഭാഗത്തിലേക്ക് കേന്ദ്രീകരിക്കുകയും അതേസമയം ദാരിദ്ര്യം ശക്തമാവുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം ദുര്‍ബലമാക്കിയ ഈ സര്‍ക്കാര്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിന് യാതൊരു നടപടികളും സ്വീകരിച്ചില്ല. അവരുടെ അഞ്ചുവര്‍ഷക്കാലത്തെ ഭരണം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതായിരുന്നു.

അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. അഞ്ചുവര്‍ഷക്കാലവും അതിനെതിരെയുള്ള നിരന്തരമായ സമരങ്ങളും പോരാട്ടങ്ങള്‍ക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നല്‍കി.

മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ച് തങ്ങളുടെ അധികാരക്കസേരകള്‍ ഉറപ്പിക്കണം എന്ന ആഗ്രഹിക്കുന്ന ശക്തികള്‍ കേരളത്തില്‍ ഇന്ന് സജീവമായിരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിന് വേണ്ടി ഏറ്റുമുട്ടുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് തങ്ങള്‍ക്ക് എന്തുനേട്ടമുണ്ടാക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്ന ബിജെപിയുടെ സഖ്യവും കേരളത്തില്‍ ഇന്ന് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍, മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, കേരളത്തിന്റെ പുരോഗതി ഉറപ്പുവരുത്താന്‍, കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നെങ്കിലേ കഴിയൂ. അഞ്ചുവര്‍ഷക്കാലത്തെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ വിധിയെഴുതുന്ന ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നില്‍ക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.

വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എല്ലാതരത്തിലുമുള്ള സഹകരണം ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

തെരഞ്ഞെടുപ്പുകള്‍ എന്നത് പണക്കൊഴുപ്പിന്റെയും മസില്‍പവറിന്റെയും പ്രകടനങ്ങളായി മാറുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍, പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ പണം ആവശ്യമാണ്. പണത്തിന്റെ ഒരു കുത്തൊഴുക്കല്ല ആഗ്രഹിക്കുന്നത്. മിതമായി പണം ചെലവ് ചെയ്ത് ഈ തെരഞ്ഞെടുപ്പില്‍ മുതലാളിത്തശക്തികള്‍ക്കെതിരെ, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരിച്ചടി നല്‍കണം. ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കയ്യും മെയ്യും മറന്ന് പാര്‍ട്ടിയെ സഹായിക്കാന്‍ പാര്‍ട്ടിയുടെ ബന്ധുക്കള്‍ ഓരോരുത്തരും തയ്യാറാകണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരള രാഷ്ട്രീയത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദിവസവും തകര്‍ന്നുകൊണ്ടിരിക്കുന്ന ഐക്യ ജനാധിപത്യമുന്നണിയെ ജനങ്ങള്‍ തള്ളിക്കളയും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയ അധികാരത്തിലേക്ക് കൊണ്ടുവരാന്‍, അതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവസാന്നിധ്യം കേരള നിയമസഭയില്‍ ഉണ്ടാകുന്നതിനും പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും പരിശ്രമിക്കണം എന്ന് വിനയപൂര്‍വം ഒരിക്കല്‍കൂടി അപേക്ഷിക്കട്ടെ.