കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

പ്രകടന പത്രിക

വേണം നമുക്കൊരു പുതു കേരളം
മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം

ആമുഖം
വേണം നമുക്കൊരു പുതുകേരളം. അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷെ അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ- സാമൂഹ്യ-സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ് നമ്മുടെ മുദ്രാവാക്യങ്ങള്‍.

ഈ മുദ്രാവാക്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ തടസമാണ്. ഇവ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നമുക്കുണ്ടായിരുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ പോലും വെട്ടിക്കുറക്കുന്നു. എല്ലാറ്റിലും ഉപരി അഴിമതിയില്‍ കുളിച്ച യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയേയും വികസന പ്രക്രിയേയും തകര്‍ത്തിരിക്കുകയാണ്. 14-ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച പ്രതിബന്ധങ്ങളെ നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതുണ്ട്.

രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളെ അക്രമോത്സുകമായ വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയേയും കാവിവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സഹായകരമായ നിലയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നു. ഇതിന്റെ കെടുതി അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ വമ്പിച്ച പ്രക്ഷോഭത്തിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ നടന്ന ട്രേഡ് യൂണിയന്‍ പണിമുടക്ക്, മോട്ടോര്‍ മേഖലയിലെ പണിമുടക്ക്, കടലോരമേഖലയിലെ ബന്ദ്, കോര്‍പ്പറേറ്റുകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായി രാജ്യവ്യാപകമായി നടന്ന ചെറുത്തുനില്‍പ്പുകള്‍, വനാവകാശം സംരക്ഷിക്കാന്‍ ആദിവാസികള്‍ നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകളാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും പ്രതിഫലിച്ചിട്ടുള്ളത്. കണക്കുകളില്‍ മറിമായം സൃഷ്ടിച്ചുകൊണ്ട് ഇത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മുന്‍കാലത്ത് ധനവകുപ്പില്‍ വകയിരുത്തിയിരുന്ന ചെലവുകള്‍ കൃഷി വകുപ്പിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാര്‍ഷികമേഖലയ്ക്ക് ഊന്നിനില്‍ക്കുന്ന ബഡ്ജറ്റ് എന്ന പ്രചാരവേല സംഘടിപ്പിച്ചത്. തൊഴിലുറപ്പുപദ്ധതിക്കായി 65,000 കോടി രൂപയോളം ആവശ്യമാണെന്നിരിക്കെ 38,500 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. പൊതു നിക്ഷേപത്തിലും വലിയ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിലൂടെ 56,500 കോടി രൂപ നേടിയെടുക്കാനാണ് ബഡ്ജറ്റിലെ നിര്‍ദ്ദേശം. വന്‍കിടക്കാര്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു മുകളില്‍ 20,670 കോടി രൂപയുടെ ഭാരം കയറ്റിവയ്ക്കുകയാണ് ചെയ്തത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ പണം പോലും നീക്കിവയ്ക്കാന്‍ തയ്യാറായില്ല. ഇത്തരത്തില്‍, കോര്‍പ്പറേറ്റുകള്‍ക്കായുള്ള ബഡ്ജറ്റിനെ ജനപക്ഷ ബഡ്ജറ്റ് എന്ന മുഖംമൂടി ഇട്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്.
കേരളത്തിന്റെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാണ്യവിളയായ റബ്ബറിന്റെ വിലയിടിവ് തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. റബ്ബര്‍ ബോര്‍ഡിന് 29 കോടി രൂപയുടെയും കോഫി ബോര്‍ഡിന് 15 കോടി രൂപയുടെയും സ്‌പൈസസ് ബോര്‍ഡിന് 25 കോടി രൂപയുടെയും കുറവാണ് ബഡ്ജറ്റില്‍ വരുത്തിയത്. റെയില്‍വേ ബഡ്ജറ്റിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് തയ്യാറായില്ല. പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴയിലെ വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങിയ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ല. ആരോഗ്യമേഖലയില്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

ജനാധിപത്യപരമായ എല്ലാവിധ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആസൂത്രണക്കമ്മീഷനെപ്പോലും പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള നിരവധി അഴിമതികളും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്നുള്ള ബി.ജെ.പിയുടെ വാഗ്ദാനം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, അത് വെളുപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി നടത്തുന്ന ഇത്തരം നയങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. മാട്ടിറച്ചിയുടെ വിഷയത്തില്‍ പോലും വ്യക്തമായ നിലപാടില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അതേ സാമ്പത്തിക നയങ്ങളാണ് ഇപ്പോള്‍ ബി.ജെ.പിയും തുടരുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച ആസിയാന്‍ കരാറാണ് നാണ്യവിളകളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നത്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ സമീപനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന് ബദലില്ല. മാത്രമല്ല, പലപ്പോഴും ബി.ജെ.പിയുടെ നയസമീപനത്തെ പിന്‍പറ്റുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ബദല്‍ സമീപനമുള്ളത് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കാണ്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ അജണ്ടയെ ശക്തമായി പ്രതിരോധിക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് മുന്നിട്ട് പ്രവര്‍ത്തിക്കുന്നത്.

വികസനരംഗത്ത് കിതപ്പ്; അഴിമതിയില്‍ കുതിപ്പ്
കേരളം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് 2016-17 ലെ ബഡ്ജറ്റ് രേഖകള്‍ ഉള്‍പ്പെടെ വിരല്‍ ചൂണ്ടുന്നത്. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെട്ടതോടെ കേരളത്തിന്റെ നാണ്യവിളകള്‍ വമ്പിച്ച പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഗള്‍ഫ് വരുമാനത്തില്‍ വലിയ ഇടിവ് വരാന്‍ പോവുകയാണ്. ഇത്തരമൊരു അവസ്ഥ നമ്മുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെ 3-4 ശതമാനമായി ഇടിക്കാമെന്നാണ് എക്കണോമിക് റവ്യൂ തന്നെ വ്യക്തമാക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാടിനെ എത്തിക്കും. ഇത് മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ ഇടപെടുക എന്ന സമീപനമല്ല യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനുള്ള പരിപാടിയാണ് എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ വികസന നേട്ടങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടന അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണ് യു.ഡി.എഫ് ചെയ്തിട്ടുള്ളത് എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 7.6 ശതമാനം നിരക്കിലാണ് സമ്പദ്ഘടന വളര്‍ന്നതെങ്കില്‍ 6.1 ശതമാനം എന്ന നിലയിലാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വളര്‍ന്നിട്ടുള്ളത്. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ മികച്ചതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക്.
ഉല്‍പ്പാദനമേഖലകളിലെ ദുര്‍ബലാവസ്ഥ പരിഹരിക്കുക എന്നതാണ് കേരള വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ച -4.67 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വ്യവസായമേഖലയും തകര്‍ച്ചയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തിയിരിക്കുകയാണ്. പുതിയ വന്‍കിട വ്യവസായങ്ങളൊന്നും വരുന്നില്ല. കെട്ടിട നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സേവനമേഖലയുടെ വളര്‍ച്ചയും മുരടിപ്പിനെ അഭിമുഖീകരിച്ചുതുടങ്ങിയിരിക്കുന്നു.

ഈ ഗുരുതരമായ സാഹചര്യത്തെ മറികടക്കുന്നതിന് ഉതകുന്ന വിധമുള്ള എന്തെങ്കിലും പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാരിനില്ല. 28,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, അതിന്റെ പകുതി പോലും എത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഇക്കൊല്ലത്തെ മാത്രം പ്രത്യേകതയല്ല. കഴിഞ്ഞ വര്‍ഷം പദ്ധതി അടങ്കല്‍ 22,762 കോടി രൂപയായിരുന്നു. സി.എ.ജിയുടെ കണക്ക് പ്രകാരം 61 ശതമാനം മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ചെലവാക്കാതെ ലാപ്‌സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവര്‍ഷത്തില്‍ ചെലവാക്കാതെ പാഴാക്കാന്‍ പോകുന്നത് 14,000 കോടി രൂപയാണ്. ഇത് കാണിക്കുന്നത് എന്താണ്? കഴിഞ്ഞ രണ്ടു വര്‍ഷം മാത്രമെടുത്താല്‍ ഏതാണ്ട് 26,000 കോടി രൂപയുടെ പദ്ധതികളാണ് പണമില്ലാത്തതുകൊണ്ട് നടപ്പാക്കാന്‍ കഴിയാതെ പോയത്.

ക്ഷേമ കേരളം
കേരളത്തിന്റെ സാമൂഹ്യക്ഷേമ വികസനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളേയും സംഭാവന ചെയ്തത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഭൂപരിഷ്‌കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങള്‍, റേഷന്‍, ക്ഷേമ സൗകര്യങ്ങള്‍, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ജനാധിപത്യബോധം വികസിപ്പിക്കുന്നതിലും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

എന്നാല്‍, അടിസ്ഥാന മേഖലകളില്‍ വികാസം ഉണ്ടാക്കുന്നതില്‍ ഇനിയും നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഉല്‍പാദനമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുയോജ്യമായ പുതിയ വ്യവസായത്തുറകളിലേക്ക് നമുക്കു തിരിയേണ്ടതുണ്ട്. ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യം ആവശ്യമായ വ്യവസായങ്ങള്‍, കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നാം ഊന്നേണ്ടുന്ന പുതിയ വളര്‍ച്ചാമേഖലകള്‍. ഇത്തരമൊരു കാഴ്ചപ്പാടോടെ ഇടപെടുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക് കേരളത്തിലാണ് തുടങ്ങിയത് എങ്കിലും സോഫ്ട്‌വെയര്‍ കയറ്റുമതിയില്‍ നമ്മുടെ പങ്ക് തുലോം തുച്ഛമാണ്. ആദ്യത്തെ ഇലക്‌ട്രോണിക് സംരംഭങ്ങളിലൊന്നാണ് കെല്‍ട്രോണ്‍. പക്ഷെ, ഇലക്‌ട്രോണിക് വ്യവസായത്തില്‍ നാം ഇന്നും പുറകിലാണ്. രാജ്യത്താകെ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിനിടയില്‍ 26,500 കോടി രൂപയുടെ വിദേശ നിക്ഷേപം വന്നപ്പോള്‍ കേരളത്തിന്റെ വിഹിതം 102 കോടി മാത്രമാണ്. നമ്മുടെ വിദേശ കയറ്റുമതി വരുമാനവും മുരടിച്ചു നില്‍ക്കുകയാണ്.

പുതിയ വ്യവസായമേഖലകളിലേയ്ക്ക് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കാനാവുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാര്‍ക്കുകളും പോലുളള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെ അഭാവമാണ്. ഉന്നത വിദ്യാഭ്യാസം പോലുളള സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങളും അപര്യാപ്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടേ മുന്നോട്ടുപോകാന്‍ നമുക്ക് കഴിയൂ.

കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ശരിയായ നിലയില്‍ കാണുന്നതിനു പകരം, നാട്ടിലെല്ലായിടത്തും തറക്കല്ല് നാട്ടി വന്‍ പദ്ധതികള്‍ ഉണ്ടാക്കുന്നു എന്ന തോന്നല്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കേരളത്തില്‍ വന്നിട്ടുള്ള എല്ലാ വന്‍കിട പദ്ധതികളും പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ അവയില്‍ സജീവമായിരുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നെടുംതൂണായി നില്‍ക്കുന്ന ഇടുക്കി ജലവൈദ്യുതപദ്ധതി കൊണ്ടുവന്നത് 1967 ലെ സര്‍ക്കാരിന്റെ കാലത്താണ്. ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ തുടങ്ങിയവയുടെയെല്ലാം തുടക്കത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളും ഇടപെടലും ഉണ്ടായിരുന്നു. ഉദ്ഘാടന മാമാങ്കങ്ങള്‍ നടന്നെങ്കിലും ഈ പ്രോജക്ടുകളൊന്നും പൂര്‍ത്തീകരിക്കുന്നതിന് യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
വന്‍കിട നിക്ഷേപമെല്ലാം യു.ഡി.എഫിന്റെ ക്രെഡിറ്റിലാണല്ലോ ഉമ്മന്‍ചാണ്ടി വരവുവയ്ക്കുന്നത്. കേരളത്തിലെ ഉത്പാദനമേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ ഒരു വന്‍കിട നിക്ഷേപം പോലും കൊണ്ടുവരാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സര്‍വ്വരംഗത്തും പരാജയമായുള്ള ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്.

നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളതാണ് സമാധാനപരമായ അന്തരീക്ഷം. യു.ഡി.എഫ് അധികാരമേറ്റശേഷം ക്രമസമാധാനരംഗത്ത് കേരളം പുറകോട്ടുപോയി. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കപ്പെടുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവയെ ഉന്മൂലനം ചെയ്യുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘപരിവാറുമായി ഉണ്ടാക്കുന്ന ധാരണയുടെ ഭാഗമായാണ് പ്രവീണ്‍ തൊഗാഡിയയുടെ പേരിലുള്ള രാജ്യദ്രോഹ കേസ് പോലും പിന്‍വലിച്ചത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശക്തിപ്പെട്ടു. ഇതിനു കാരണം, ഭരണതലത്തില്‍ ഇടപെടാന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയുന്നു എന്നതാണ്. കേരളത്തിന്റെ സമാധാനപരമായ ജീവിതം തിരിച്ചുകൊണ്ടുവരിക എന്നത് വികസനത്തിനും സൈ്വരജീവിതത്തിനും പ്രധാനമാണെന്നു കാണണം.
ഗുജറാത്താണ് കേരളത്തിന് മാതൃക എന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളുടെ ജീവിതനിലവാരം പരിശോധിച്ചാല്‍ ഗുജറാത്തിനേക്കാള്‍ ഏറെ മുകളിലാണ് കേരളം എന്ന് കാണാം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, മതസൗഹാര്‍ദ്ദം, ജനാധിപത്യബോധം തുടങ്ങിയവയിലെല്ലാം കേരളം ഏറെ മുന്നിലാണ്. ഗുജാറത്ത് കേരളത്തേക്കാള്‍ വളരുന്നു എന്ന പ്രചരണമുണ്ട്. എന്നാല്‍, അടുത്തകാലം വരെ കേരളത്തിന്റെ വളര്‍ച്ചയും നല്ല നിലയിലായിരുന്നു. വേണമെങ്കില്‍ കേരളത്തിന് സാമ്പത്തിക വളര്‍ച്ചയിലും ഗുജറാത്തിനെ പിന്തള്ളാം. സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ ഇത് കൈവരിക്കാനാകും. അത്തരമൊരു വികസന കുതിപ്പിനുതകുന്ന കര്‍മ്മപദ്ധതിയാണ് എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.

എന്തുകൊണ്ട് മാറ്റം മന്ദഗതിയിലാകുന്നു?
എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയോലിബറല്‍ നയങ്ങള്‍ ഈയൊരു ലക്ഷ്യത്തിന് വിലങ്ങുതടിയാണ്. ഇതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പാപ്പരത്തം. വായ്പയെടുക്കുന്ന പണത്തിന്റെ 70-80 ശതമാനവും സര്‍ക്കാരിന്റെ നിത്യനിദാന ചെലവിനാണ് യു.ഡി.എഫ് ചെലവഴിച്ചത്. ദീര്‍ഘകാല മുതല്‍മുടക്കിന് പണം കണ്ടെത്താന്‍ ഇങ്ങനെയുളള ഒരു സര്‍ക്കാരിന്് കഴിയില്ല. നിത്യനിദാന ചെലവിനുപോലും ഗതിയില്ലാത്ത ഒരു സര്‍ക്കാരിന് ബജറ്റിനു പുറത്ത് പദ്ധതികള്‍ക്കുവേണ്ടി വായ്പ സമാഹരിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ടാകും.

വലിയ പ്രോജക്ടുകള്‍ നടപ്പിലാക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ഭരണസംവിധാനത്തിന് അതിനുള്ള ശേഷിയുണ്ടാവണം. സര്‍ക്കാര്‍ യന്ത്രം കാര്യക്ഷമമാകണമെങ്കില്‍ അഴിമതി ഇല്ലാതാകണം. നിലവിലുളള യുഡിഎഫ് സര്‍ക്കാരിന്റെ കാലം പോലെ അഴിമതി കൊടികുത്തി വാണ കാലം ഉണ്ടായിട്ടില്ല. മാത്രമല്ല, ആസിയാന്‍ കരാര്‍ പ്രാബല്യത്തിലായതോടെ കേരളത്തിന്റെ നാണ്യവിളകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ആസിയാന്‍ കരാറിനനുകൂലമായി വാദിച്ച യു.ഡി.എഫിന് ഇക്കാര്യത്തില്‍ ഒരു ന്യായവാദവും ഇപ്പോള്‍ പറയാനില്ല.

കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഇടതുപക്ഷം പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യക്ഷമമായ ബദല്‍ നയങ്ങളുമായാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും ഗൗരവമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുണ്ട്. ഈ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപരിപാടികളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്നത്. അതിനായി, 600 നിര്‍ദ്ദേശങ്ങള്‍ ഈ പ്രകടനപത്രിയിലുണ്ട്. ഇവയില്‍ ഏറ്റവും സുപ്രധാനമായ 35 ഇനങ്ങളെ മുഖ്യ മുദ്രാവാക്യങ്ങളായി എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നു.

35 ഇന പരിപാടി
1. 25 ലക്ഷം പേര്‍ക്ക് തൊഴില്‍: ഐ.റ്റി, ടൂറിസം മേഖലകളിലും ഇലക്‌ട്രോണിക്‌സ് തുടങ്ങി ആധുനിക വ്യവസായ മേഖലകളിലായി അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി, കെട്ടിടനിര്‍മ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ആധുനിക തുറകളിലെ ജോലികള്‍ക്ക് യുവതീ-യുവാക്കളെ തയ്യാറാക്കുന്നതിന് 10 ലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് വഴി പരിശീലനം നല്‍കും.

2. 1500 സ്റ്റാര്‍ട്ട് അപ്പുകള്‍: വര്‍ഷംതോറും 1000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രോത്സാഹനം. ഇതില്‍ 250 എണ്ണത്തിന് 1 കോടി രൂപ വീതം ഈടില്ലാത്ത വായ്പ. ഇതിന് 20 ശതമാനം ഗവണ്‍മെന്റ് ഏഞ്ചല്‍, 20 ശതമാനം സെബി അംഗീകാരമുള്ള സ്വകാര്യ നിക്ഷേപകര്‍, 60 ശതമാനം ബാങ്ക് എന്നിങ്ങനെ പണം കണ്ടെത്തും. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടുവരും.

3. ഒരുകോടി അധിക ചതുരശ്ര അടി ഐ.ടി പാര്‍ക്ക്: കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കും. ഇതുവഴി 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കും.

4. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കേരളത്തില്‍ വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 24 ലക്ഷമായി ഉയര്‍ത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിപ്പിക്കും. ഇതില്‍ നിന്ന് 4 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും.

5. പൊതുമേഖല ലാഭത്തില്‍: പൊതുമേഖലയെ വീണ്ടും പുനരുദ്ധരിക്കും. വീണ്ടും ലാഭകരമാക്കും. ഉല്‍പ്പാദനശേഷിയില്‍ 50 ശതമാനം വര്‍ദ്ധനവ് സൃഷ്ടിക്കും. കേരളത്തിന്റെ അമൂല്യധാതുസമ്പത്തായ കരിമണല്‍ ടൈറ്റാനിയം മെറ്റല്‍ വരെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് ചവറയിലെ കേരള മെറ്റല്‍ & മിനറല്‍ കമ്പനിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ബൃഹത്തായ വ്യവസായ സമുച്ചയം സ്ഥാപിക്കും.

6. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കല്‍: വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചുകൊണ്ട് കൊച്ചി പ്രകൃതിവാതക ടെര്‍മിനലിനെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും. അതുവഴി താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടും. ഗാര്‍ഹിക പാചകവാതക ലഭ്യത വര്‍ദ്ധിപ്പിക്കും.

7. ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ വ്യവസായ വികസനം: കെല്‍ട്രോണ്‍ പുനരുദ്ധരിക്കും. ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. ഈ മേഖലയില്‍ ഒരു ദേശീയ ഹബ്ബായി കേരളത്തിനെ മാറ്റും.

8. മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍: കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ നാളികേരം, റബര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശ്രംഖലയ്ക്ക് രൂപംനല്‍കും. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി 50 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

9. കാര്‍ഷിക വരുമാന ഉറപ്പ് പദ്ധതി: കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കും. ഇത് കേന്ദ്ര-സംസ്ഥാന സംയുക്തസ്‌കീമായിട്ടായിരിക്കും നടപ്പിലാക്കുക. ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കും. കര്‍ഷക തൊഴിലാളികള്‍ക്ക് ആധുനിക കൃഷി സങ്കേതങ്ങളില്‍ പരിശീലനവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കും. കൃഷിക്കായി കൂടുതല്‍ തുക നീക്കിവെക്കും.

10. മറ്റു വന്‍കിട പ്രോജക്ടുകള്‍: വിഴിഞ്ഞം ഹാര്‍ബര്‍, അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, തങ്കശ്ശേരി തുടങ്ങിയ ചെറുകിട തുറമുഖങ്ങള്‍, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

11. വൈദ്യുതി ഉല്‍പാദനം: 1200 മെഗാവാട്ട് ശേഷിയുള്ള തെര്‍മ്മല്‍ നിലയം, 300 മെഗാവാട്ട് ജലവൈദ്യുതി, 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി എന്നീ നിലകളില്‍ ഉല്‍പാദനശേഷി കൈവരിക്കും. സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡിയിലേയ്ക്ക് മാറ്റുന്നതിനും വൈദ്യുതി ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയ കാമ്പയിന്‍ ആരംഭിക്കും.

12. ജലസുരക്ഷാ ക്യാമ്പയിന്‍: ജലസുരക്ഷയ്ക്ക് വേണ്ടി ഒരു ബൃഹത് ക്യാമ്പയിന്‍ ആരംഭിക്കും. മൈക്രോ നീര്‍ത്തടം മുതല്‍ നദീതടം വരെ സമഗ്രമായ മണ്ണ്-ജല സംരക്ഷണ നടപടികള്‍ ആവിഷ്‌കരിക്കും. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സമയബന്ധിതമായും കാലോചിതമായും പുനരവലോകനം ചെയ്യുന്നതിനുവേണ്ടി ഒരു സ്ഥിരം കര്‍മ്മസേന ഉണ്ടാക്കും.

13. ഭക്ഷ്യസുരക്ഷ: പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും. ‘അരിശ്രീ’ പദ്ധതി വഴി നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിപ്പിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാനും ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും.

14. തീരദേശ പാക്കേജ്: 5000 കോടിയുടെ തീരദേശ പാക്കേജില്‍ പ്രഥമമായത് തീരദേശ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്. അതോടൊപ്പം തന്നെ സാമൂഹ്യക്ഷേമ സൂചകങ്ങളില്‍ സംസ്ഥാന നിലവാരത്തിനൊപ്പം എത്തുന്നതിന് ‘മാതൃകാ മത്സ്യഗ്രാമം’ പദ്ധതി നടപ്പിലാക്കും.

15. പരമ്പരാഗത വ്യവസായ സംരക്ഷണം: കയര്‍, കൈത്തറി, പനമ്പ്, ഖാദി, കശുവണ്ടി, ചെത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. തുണി, കയര്‍, കരകൗകലം
തുടങ്ങിയ മേഖലകളിലെ കൈവേലക്കാരുടെ ഉല്‍പാദനം മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും.

16. റോഡ് വികസനം: ദേശീയപാത നാലുവരിയാക്കും. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ബി.എം & ബി.സിയില്‍ പുതുക്കി പണിയും. ഗ്രാമീണ റോഡുകള്‍ ഒറ്റതവണ പുനരുദ്ധരിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ബൈപ്പാസുകളും പൂര്‍ത്തീകരിക്കും. കേരളത്തില്‍ ഘട്ടം ഘട്ടമായി സ്മാര്‍ട്ട് റോഡ് പദ്ധതി നടപ്പാക്കും.

17. ജലപാതകള്‍: ദേശീയ ജലപാതകള്‍ പൂര്‍ത്തീകരിക്കും. ജലപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിക്കാന്‍ പഠനം നടത്തും.

18. റെയില്‍വേ: നിര്‍ദ്ദിഷ്ട പുതിയ റെയില്‍വേ ലൈനുകള്‍ പൂര്‍ത്തീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്ത് നിലവിലുള്ള രണ്ടുവരി റെയില്‍വേ പാത നാലുവരി പാതയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി ഉണ്ടാക്കും. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ സജ്ജമാക്കാന്‍ ശ്രമിക്കും.

19. ശുചിത്വകേരളം: കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റും. ഇതിനായി ഉറവിടമാലിന്യ സംസ്‌കരണത്തിനായിരിക്കും മുന്‍ഗണന. ജലമലിനീകരണത്തിനെതിരെ നടപടിയെടുക്കും. ഇതിനായി ഒരു ജനകീയ ക്യാമ്പയിന് രൂപംനല്‍കും.

20. പാര്‍പ്പിടം: ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. ഇ.എം.എസ് പാര്‍പ്പിട പദ്ധതി, എം.എന്‍ ലക്ഷംവീട് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീടും കക്കൂസും ഉറപ്പുവരുത്തും. ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ കൃഷിഭൂമി ലഭ്യമാക്കും. ഭൂപരിഷ്‌കരണ നിയമം സംരക്ഷിക്കും.

21. ആരോഗ്യമേഖല: നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കുകയും ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തുകയും ചെയ്യും. പൊതുആരോഗ്യ സംവിധാനവുമായി ബന്ധപ്പെടുത്തി സമഗ്രവും സാര്‍വ്വത്രികവുമായ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. മൂന്ന് മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തില്‍ ഉയര്‍ത്തും. ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത്‌ലാബും താലൂക്ക് ആശുപത്രികള്‍ വരെ സ്ഥാപിക്കും. താലൂക്ക് ആശുപത്രികളില്‍ അര്‍ബുദരോഗ പരിശോധനാ സംവിധാനമുണ്ടാക്കും.

22. ആയൂര്‍വേദം: ആയൂര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. 500 കോടി രൂപ മുതല്‍മുടക്കി ഏറ്റവും ആധുനികമായ ലബോറട്ടറിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കും. ആയൂര്‍വ്വേദ മേഖലയില്‍ ആരോഗ്യപരിപാലനവും ടൂറിസവും ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും.

23. സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക്: 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും.

24. മികവിന്റെ കേന്ദ്രങ്ങള്‍: സര്‍വകലാശാല കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സഹകരണ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ വിപുലീകരിക്കും.

25. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം: ഊരുകൂട്ടങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തില്‍ പൂര്‍ണ്ണാധികാരം ഉറപ്പുവരുത്തും. മേല്‍നോട്ടാധികാരവും നല്‍കും. പട്ടികജാതി വികസനഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാതലങ്ങളിലും മേല്‍നോട്ട സമിതികള്‍ക്ക് രൂപംനല്‍കും. ഗ്രാമസഭ/ വികസന സെമിനാര്‍/കര്‍മ്മസമിതി എന്നീതലങ്ങളില്‍ പട്ടികജാതിക്കാരില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നത് നിര്‍ബന്ധിതമാക്കും.

26. സ്ത്രീശാക്തീകരണം: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് ആരംഭിക്കും. ജന്റര്‍ ബഡ്ജറ്റിംഗ് പുനസ്ഥാപിക്കും. കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി മാറ്റും. കുടുംബശ്രീക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ ഉറപ്പുവരുത്തും.

27. ജനകീയാസൂത്രണം: ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് ആവിഷ്‌കരിക്കും. നീര്‍ത്തട ആസൂത്രണം, മാലിന്യസംസ്‌കരണം, ജൈവപച്ചക്കറി എന്നിവയെ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ പ്രസ്ഥാനമായിരിക്കും ഇത്.

28. സാംസ്‌കാരിക നവോത്ഥാനം: സാംസ്‌കാരിക മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും. വിദ്യാഭ്യാസ ബഡ്ജറ്റിന്റെ ഒരു ശതമാനം ലൈബ്രറികള്‍ക്ക് ഗ്രാന്റായി നല്‍കും എന്ന് ഉറപ്പുവരുത്തും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കും. സ്‌കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ എല്ലാ കലകളിലും കുട്ടികള്‍ക്ക് പരിശീലിക്കാന്‍ സൗകര്യം സൃഷ്ടിക്കും.

29. പരിസ്ഥിതി സൗഹൃദ കേരളം: മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ നീര്‍ത്തടാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കും. തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പിലാക്കും. ജലാശയങ്ങളെ ശുദ്ധീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.

30. പ്രവാസികള്‍: പ്രവാസി വികസന നിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച് ആരംഭിക്കുന്ന വ്യവസായശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോള്‍ യോഗ്യതകളുണ്ടെങ്കില്‍ ജോലിക്ക് അര്‍ഹതയുണ്ടാകും. തിരിച്ചുവരുന്നവര്‍ക്ക് വിപുലമായ പുനരവധിവാസ പദ്ധതി ആവിഷ്‌കരിക്കും.

31. പൊതുവിതരണം: പൊതുവിതരണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടിയ ന്യായവില കടകള്‍ തുറക്കും. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് കടകളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വില വര്‍ദ്ധിപ്പിക്കില്ല.

32. വിശപ്പില്ലാ കേരളം: ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാവില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധസംഘടനകളും മറ്റുമായി സഹകരിച്ചുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കും. ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ന്യായവിലയ്ക്ക് നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുടെ ശൃംഖല സൃഷ്ടിക്കും.

33. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: ജൂണ്‍ 1 മുതല്‍ എല്ലാ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. അര്‍ഹരായ 60 വയസ്സുകഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ നല്‍കും. എല്ലാ വര്‍ഷവും കാലോചിതമായി വര്‍ദ്ധിപ്പിക്കും. കുടിശ്ശികയില്ലാതെ മാസംതോറും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും. സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കും.

34. കേരളത്തിന്റെ ബാങ്ക്: ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് കേരളത്തിന്റേതായ ഒരു വന്‍കിട ബാങ്കിന് രൂപം നല്‍കും. സഹകരണ മേഖലയില്‍ ദ്വിതല സമ്പ്രദായമായിരിക്കും.

35. അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും: രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇ-ഗവേണന്‍സ് ഫലപ്രദമാക്കും. എല്ലാ പരാതികളിലും പ്രശ്‌നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പുണ്ടാക്കും. പരാതികളോ ആവശ്യങ്ങളോ തള്ളപ്പെട്ടാല്‍ അവ പുനഃപരിശോധിച്ച് വ്യക്തത ഉണ്ടാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള സംവിധാനമൊരുക്കും. സെക്രട്ടേറിയറ്റ് അടിസ്ഥാനമായ സംവിധാനം മാറ്റി കേന്ദ്രസര്‍ക്കാരിനെപ്പോലെ ഡയറക്‌ട്രേറ്റ് രീതിയില്‍ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വിവരാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും.
എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പാര്‍പ്പിടം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പരിശ്രമിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതും പ്രധാനപ്പെട്ട ലക്ഷ്യമാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇത്തരം വികസനത്തിന് അടിത്തറ ഒരുക്കുന്നവിധം കാര്‍ഷിക-വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലും ഇടതുപക്ഷ ജനാധിപത്യമുന്നണി വിഭാവനം ചെയ്യുന്നു. ഇത്തരത്തില്‍ നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്തിയും പുതിയ കാലത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനപദ്ധതികളാണ് എല്‍.ഡി.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്.